വയനാട് : ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ച സൈന്യത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ രക്ഷിക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും എടുത്ത് പറയേണ്ടത് സൈന്യത്തിനെ തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. . സർവ്വകക്ഷി ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷിക്കാൻ സാധിച്ചവരെ എല്ലാവരെയും ഞങ്ങൾ രക്ഷിച്ചിട്ടുണ്ട്. ഇനി ആരെയും രക്ഷിക്കാൻ ഇല്ല എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി മാത്യു പറഞ്ഞത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിയും നിരവധി ആളുകളെ കണ്ടുപിടിക്കാൻ ഉണ്ട്. ബെയ്‌ലി പാലം പൂർത്തികരിച്ചു കഴിഞ്ഞാൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാലിയാറിലും ചൂരൽമലയിലും അടക്കം തിരച്ചിൽ തുടരും. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടർന്ന് ദൗത്യം ഏകോപിപ്പിക്കും എന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നിരവധി പേർക്ക് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അത് പുനർനിർമിച്ചു നൽകും എന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകൾ തുടർന്ന് പ്രവർത്തിപ്പിക്കും. ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മാനസിക ആഘാതം പറ്റിയവർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തും. മഹാദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഈ ദുരന്തത്തിൽ നിന്ന് മറ്റൊരു ദുരന്തത്തിലേക്ക് പോവാൻ പാടില്ല. അതുകൊണ്ട് തന്നെ ആരോഗ്യപ്രവർത്തകർ പറയുന്നത് കേൾക്കണം എന്നും പകർച്ചാവ്യാധികൾ തടയേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post