വയനാട്: മേപ്പാടിയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം പറയാനുള്ളത് നെഞ്ച് പിടക്കുന്ന ഓർമകൾ മാത്രമാണ്. ജീവൻ രക്ഷപ്പെട്ടതിൽ ആശ്വസിക്കാൻ പോലുമാലവാതെ മുന്നിൽ കണ്ട മഹാദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് അവരെല്ലാം. തങ്ങളുടെ ഉറ്റവരെയും ഉടയവരെയുമെല്ലാം നഷ്ടപ്പെട്ട പലരും അവരെ കണ്ടെത്താൻ പോലുമാവാതെ കണ്ണീരുമായി കഴിയുകയാണ്.
തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങൾ കൺമുന്നിൽ കണ്ടതിന്റെ മരവിപ്പ് ഇനിയും മാറിയിട്ടില്ല, മേപ്പാടിയിലെ ക്യാമ്പിൽ കഴിയുന്ന മുണ്ടക്കൈ സ്വദേശിനിയായ ജിതികയ്ക്ക്. നൃത്താദ്ധ്യാപികയായ ജിതിക മുണ്ടക്കൈയിലെ മുസ്ലീം പള്ളിയുടെ മുകളിലുള്ള ലയത്തിലായിരുന്നു താമസം. പുലർച്ചെ ഒന്നരയോടെയായിരുന്നു വല്ലാത്തൊരു ശബ്ദം കേട്ടത്. എന്തോ ആപത്ത് വരുന്നുണ്ടെന്ന് അപ്പോൾ തന്നെ മനസിലായി. അച്ഛനെയും അമ്മയെയും കുട്ടികളെയും വിളിച്ച് എഴുന്നേൽപ്പിച്ചു. പിന്നാലെ പോലീസിനെയും നാട്ടുകാരെയുമെല്ലാം വിളിച്ചു.
താഴെ താമസിക്കുന്നവരെ പലതവണ വിളിച്ചെങ്കിലും അവരൊന്നും ഫോണെടുക്കുന്നുണ്ടായില്ല. ആദ്യം ഉരുൾപൊട്ടിയപ്പോൾ രക്ഷിക്കണേയെന്ന ആളുകളുടെ കരച്ചിൽ കേട്ടിരുന്നു. എന്നാൽ, രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതോടെ അവരുടെയൊന്നും ശബ്ദം കേൾക്കാതെയായി. മൂന്നാമതും ഉരുൾപൊട്ടി. ഇതോടെ താഴെ നിന്നും മുകളിൽ നിന്നും ആളുകൾ ഓടിയെത്തി. മുകളിലേയ്ക്ക് മാത്രമേ ഓടാവൂ എന്ന് ഞങ്ങൾ തീരുമാനിച്ചു. അച്ഛന്റെ പ്രായമുള്ള പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെയെല്ലാം അവിടെയുള്ള ഡിസ്‌പെൻസറിയിലാക്കിയ ശേഷം ബാക്കിയുള്ളവർ വരുന്നിടത്ത് വച്ച് കാണാമെന്ന തരത്തിൽ റോഡിൽ തന്നെ നിൽക്കുകയായിരുന്നു.
രാവിലെ നോക്കുമ്പോൾ താഴെ ഒരു മരുഭൂമി പോലെ കിടക്കുന്നതാണ് കാണുന്നത്. രക്ഷിക്കണേയെന്ന് പറഞ്ഞ് ഒരു കുട്ടി താഴെ നിന്നും കരയുന്നത് കണ്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ അവിടെ ചെന്ന് ആ കുട്ടിയെയും കൂട്ടത്തിൽ മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മറ്റ് ചിലരെയും അവിടെ നിന്നും രക്ഷിച്ചിരുന്നു. കൂട്ടത്തിൽ ഒരാൾ കമ്പി തുളച്ചുകയറിയ നിലയിൽ കിടക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അദ്ദേഹത്തെ രക്ഷിക്കാനായില്ല. അന്ന് ഉച്ച കഴിഞ്ഞാണ്് രക്ഷാപ്രവർത്തകർ ഞങ്ങളെ ക്യാമ്പിലെത്തിച്ചത്.
ഇങ്ങോട്ട് പോരുന്നതിന് മുമ്പ് ചേട്ടായി കൈകൊണ്ട് മണ്ണ് മാന്തി അതിനുള്ളിലുള്ളവരെ തപ്പാൻ തുടങ്ങുകയായിരുന്നു. അപ്പോൾ രക്ഷാപ്രവർത്തകരും തിരച്ചിലിനായി എത്തി. ശിവന്റെയും ജിജിനയുടെയും പ്രമോദിനിയുടെയും മൃതദേങ്ങൾ കിട്ടി. കെട്ടിപ്പിടിച്ച നിലയിലായിരുന്നു മൂന്ന് പേരും കിടന്നിരുന്നത്. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമായിരുന്നു അവർ. അവരെല്ലാമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. അവരാരും ഇപ്പോഴില്ല. നൃത്താദ്ധ്യാപികയാണ് ഞാൻ. എന്റെ ക്ലാസിലെ പല കുട്ടികളും ഇന്ന് ഇല്ല’- ജിതിക കണ്ണീരോടെ പറഞ്ഞു നിർത്തി.
Discussion about this post