വയനാട്: ഉരുൾപൊട്ടൽ പ്രദേശത്തെ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതിന് പിന്നാലെ പാലത്തിന്റെ ബലംപരിശോധിക്കുന്നതിനായി പരിശോധന നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് നിർമ്മാണം പൂർത്തിയായത്. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ബെയ്‌ലി പാലം സൈന്യം നിർമ്മിച്ചത്.
പരിശോധനയുടെ ഭാഗമായി ഫോഴ്‌സ് കമാൻഡറുടെ വാഹനം ആണ് ആദ്യമായി പാലത്തിലൂടെ കടന്ന് പോയത്. പാലം സുരക്ഷിതമാണെന്ന് വ്യക്തമായാൽ മറ്റ് വാഹനങ്ങളും ഇതിലൂടെ കടത്തിവിടും. ഇന്നലെ ഉച്ചയോടെയായിരുന്നു സൈന്യം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 28 മണിക്കൂർ കൊണ്ടാണ് പാലം സൈന്യം പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ രക്ഷാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. മദ്രാസ് റെജിമെന്റിലെ എൻജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടായിരുന്നു പാലം പൂർത്തിയാക്കിയതിന്റെ ആഹ്ലാദം സേന പങ്കുവച്ചത്.
ദുരന്തപ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം ബെയ്‌ലി പാലം നിർ്മ്മിക്കാറുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയായാൽ ഇത് ഇവർ പിന്നീട് പൊളിച്ച് കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുംവരെ ബെയ്‌ലി പാലം ഇവിടെ സ്ഥാപിയ്ക്കും എന്നാണ് സൈന്യം അറിയിക്കുന്നത്.
ഫോഴ്സ് കമാൻഡറുടെ വാഹനത്തിന് പിന്നാലെ ഇന്ത്യൻ സെെന്യത്തിന്റെ ആംബുലൻസ് പാലത്തിലൂടെ കടന്ന് പോയി.
Discussion about this post