വയനാട്: ഉറ്റവരെയാകെ നഷ്ടപ്പെട്ട വേദന സഹിക്കാനാവാതെ ഓരോ നിമിഷവും കഴിച്ചു കൂട്ടുകയാണ് വയനാട്ടിലെ ക്യാമ്പുകളിലുള്ളവർ. തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ പഠിപ്പിച്ച കുട്ടികളുടെയും തന്നെ ഏറെ സ്‌നേഹിച്ച നാട്ടുകാരുടെയും അതിദാരുണമായ മരണത്തിൽ നെഞ്ച് തകർന്നിരിക്കുകയാണ് വെള്ളാർമല സ്‌കൂളിലെ അദ്ധ്യാപകനായ മോഹൻ രാജ്. 28 വർഷം വെള്ളാർമല സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന മോഹൻ മാഷിന് കാഴ്ച്ച പരിമിതിയുണ്ടെങ്കിലും ചൂരൽമലയിലെ ഓരോരുത്തരെയും അത്രയുമടുത്തറിയാം.. എല്ലാ ക്യാമ്പുകളിലും പോയി തന്റെ ഓരോ പ്രിയപ്പെട്ടവരെയും തിരയുകയാണ് മാഷ്.
‘മറക്കാൻ കഴിയാത്ത വേദനയാണ്. എന്നെ ഏറെ സ്‌നേഹിച്ച ഒരു നാടാണ് നഷ്ടമായിരിക്കുന്നത്. അത് ഓർക്കാൻ വയ്യ. ഞാൻ ആദ്യായ്ട്ട് പഠിപ്പിച്ചത് മുതൽ 28 വർഷം വരെ പഠിപ്പിച്ച പല കുട്ടികളും നഷ്ടമായിപോയി. എന്നെ ഏറെ സ്‌നേഹിക്കുന്ന നാട്ടുകാരും കുട്ടികളും എന്നെ കൈ പിടിച്ച് എല്ലാ സ്ഥലങ്ങളിലും പോയിരുന്ന കുട്ടികള്… അവരെയൊന്നും മറക്കാൻ കഴിയില്ല. മുണ്ടക്കൈ, ചൂരൽമല, അട്ടമല, കുത്തുമല, കള്ളാടി, ഈ പ്രദേശശങ്ങളിൽ നിന്നുള്ള കുട്ടികളാണ് അവിടെ വന്ന് പഠിച്ചിരുന്നത്. അതുപോലെ രക്ഷിതാക്കൾക്കും എന്നോട് വലിയ കാര്യമായിരുന്നു’- മോഹൻ മാഷ് പറഞ്ഞു.
ക്യാമ്പിലുള്ളവർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം പങ്കുവയ്ക്കുകയാണ്. അവരിനി എന്തു ചെയ്യുമെന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ് അവരോടൊപ്പം താനും സർക്കാരും എല്ലാമുണ്ട് എന്ന് താൻ അവരോട് പറഞ്ഞിട്ടുണ്ട്. തനിക്ക് ആശ്വസിപ്പിക്കാനല്ലേ കഴിയൂ എന്നും മോഹൻ മാഷ് പറഞ്ഞു.
Discussion about this post