തിരുവനന്തപുരം: മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഐഎസ്ആർഒ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകൾ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ല ഉൾപ്പെടെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ആണ് പട്ടികയിൽ ഒന്നാമത്.
17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആർഒ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള നാല് ജില്ലകളാണ് ഉൾപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ തൃശ്ശൂർ ജില്ല മൂന്നാംസ്ഥാനത്താണ്. ഇതിന് പിന്നാലെ അഞ്ചാം സ്ഥാനത്ത് പാലക്കാട് ഉണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് യഥാക്രമം ഏഴ്, പത്ത് സ്ഥാനങ്ങളാണ്.
ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് 13ാം സ്ഥാനമാണ് പട്ടികയിൽ ഉള്ളത്. 18ാംസ്ഥാനത്ത് ഇടുക്കിയും ഉണ്ട്. പശ്ചിമഘട്ട മലനിരകളുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ വരും വർഷങ്ങളിൽ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പും പട്ടിക തരുന്നു. മറ്റ് പ്രദേശങ്ങൾക്ക് അപകട ഭീഷണി കുറവാണ്.
അതേസമയം ഹിമാലയൻ മേഖലകളിലെ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട മേഖലകളിൽ അപകട സാദ്ധ്യത കുറവാണ്. ഹിമാലയൻ മലനിരയിലാണ് രുദ്രപ്രയാഗ്. മേഖലയിൽ പ്രകൃതി ദുരന്തങ്ങൾ പതിവാണ്.
Discussion about this post