തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ചാർനോക്കൈറ്റ് വിഭാഗത്തിലുള്ള കൂറ്റൻ പാറക്കെട്ടുകളാണ് തകർന്ന് വീണത് എന്നും ജിഎസ്‌ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഉരുൾപൊട്ടലിൽ കൂറ്റൻപാറക്കെട്ടുകൾ തകർന്ന് തെറിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ചാർനോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് കുന്നുകളായി രൂപപ്പെട്ടിട്ടുള്ളത്. തുടർച്ചയായി മഴ പെയ്തതോടെ ഈ പാറകളുടെ വിടവുകളിൽ വെള്ളം നിറഞ്ഞു. ഉരുൾപൊട്ടുന്നതിന് തൊട്ട് മുൻപുള്ള മണിക്കൂറുകളിൽ പെയ്ത മഴയെ തുടർന്ന് ഈ വിടവുകൾ നിറഞ്ഞ് കവിഞ്ഞു.
വെള്ളം നിറഞ്ഞത് കൂറ്റൻ പാറക്കെട്ടുകളിൽ സമ്മർദ്ദം ഉണ്ടാക്കി. ഇതോടെ പാറകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ഭീമൻ കഷ്ണങ്ങൾ വെള്ളത്തോടൊപ്പം ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തി. ഇതാണ് ആഘാതം വർദ്ധിപ്പിച്ചത്. ഈ പാറക്കല്ലുകളാണ് വീടുകൾക്ക് മേൽ പതിച്ചത് എന്നും ജിഎസ്‌ഐ വ്യക്തമാക്കി.
Discussion about this post