വയനാട് : ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായുള്ള തിരച്ചിൽ നാലാം നാൾ. ചാലിയാർ പുഴയുടെ നാൽപ്പത് കിലോ മീറ്റർ പരിധിയിൽ ആയിരിക്കും ഇന്ന് തിരച്ചിൽ നടത്തുക.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ചാലിയാർ പുഴയുടെ 40 മീറ്റർ പരിധിയിലായി എട്ട് പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്. പുഴയുടെ തീരങ്ങളിൽ പോലീസും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തും. പുഴയിലും പരിശോധന ഉണ്ടാകും. നേവി, കോസ്റ്റ്ഗാർഡ് എന്നിവരുടെ സംഘമായിരിക്കും പരിശോധന നടത്തുക. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ഉണ്ടാകും.
മുണ്ടക്കൈ, ചൂരൽമല ഭാഗത്തും പരിശോധന തുടരും. ആറ് സോണുകളായി തിരിച്ചാകും പരിശോധന. ഓരോ സോണിലും 40 അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ മുഴുവനും രണ്ടാമത്തെ സോണാണ്. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
മൃതദേഹങ്ങൾ കൊണ്ടുപോകാൻ 25 ആംബുലൻസുകളാണ് മേപ്പാടിയിൽ സജ്ജമാക്കിയിരിക്കുന്നത്. ആംബുലൻസുകൾ മേപ്പാടി പോളിടെക്‌നിക് ക്യാമ്പസുകളിൽ പാർക്ക് ചെയ്യും. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, തുടങ്ങിയവയും ഉപകരണങ്ങളും ലഭ്യമാക്കും.
Discussion about this post