തിരുവനന്തപുരം: മഴയുടെ ഭീതി ഒഴിയാതെ കേരളം. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിനും ഝാർഖണ്ഡിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. കേരള തീരം മുതൽ തെക്കൻഗുജറാത്ത് തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതും കേരളത്തിൽ കനത്ത മഴയ്ക്ക് കാരണം ആകും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയുടെ സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരവും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇനിയും മഴ ശക്തമായാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോയെന്ന പേടിയിലാണ് ജനങ്ങൾ.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post