വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ കാണാതെ ആയത് 49 കുട്ടികളെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകും. മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടലിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകളും മറ്റും നഷ്ടമായത്. ഇവർക്ക് സർട്ടിഫിക്കേറ്റുകൾ പുനർനിർമ്മിച്ച് നൽകുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ പഠനം യാതൊരു കാരണവശാലും മുടങ്ങില്ലെന്നും സർക്കാരിന്റെ ഉറപ്പുണ്ട്. ഉരുൾപൊട്ടലിൽ പ്രദേശത്തെ രണ്ട് സ്‌കൂളുകൾ ആണ് തകർന്നത്.
അതേസമയം ഉരുൾപൊട്ടൽ ബാധിത മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏറെ ആശ്വാസം നൽകിയിട്ടുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ ദൗത്യ സംഘത്തിന് കഴിഞ്ഞിട്ടുള്ളത്. ആറ് സോണുകളായി തിരിച്ചാണ് നിലവിൽ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.
Discussion about this post