ആലപ്പുഴ: കമ്യൂണിസ്റ്റ് ഭീകര നേതാവ് എ.സി മൊയ്തീൻ അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നുമാണ് ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കബനീദളം വിഭാഗത്തിന്റെ നേതാവാണ് മൊയ്തീൻ. ഇയാൾ പിടിയിലായതോടെ കബനിദളത്തിന്റെ വേരാണ് പിഴുതുമാറ്റപ്പെട്ടത്.
ഇന്നലെ രാത്രിയോടെയായിരുന്നു മൊയ്തീനെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കമ്യൂണിസ്റ്റ് ഭീകരനായ സോമനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീനെ പിടികൂടിയത് എന്നാണ് സൂചന. രാത്രിയിൽ ബസിൽ പോകുന്നതിനിടെ ആയിരുന്നു നിർണായക നീക്കത്തിലൂടെ ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളാണ് മൊയ്തീനെതിരെ ഉള്ളത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. 2019 ൽ ലക്കിടിയിലെ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകര നേതാവ് സിപി ജലീൽ മൊയ്തീന്റെ സഹോദരൻ ആണ്.
മൊയ്തീനും സോമനും പുറമേ മനോജ് ആണ് അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകര നേതാവ്. കഴിഞ്ഞ മാസം 18 ന് കൊച്ചിയിൽ നിന്നുമാണ് മനോജിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സോമനും അറസ്റ്റിലാകുകയായിരുന്നു.
Discussion about this post