ഇസ്ലാമാബാദ്: പാകിസ്താനിൽ പരസ്പരം പോരടിച്ച് സുന്നി- ഷിയാ വിഭാഗങ്ങൾ. സംഘർഷത്തിൽ ഇതുവരെ 49 പേരാണ് കൊല്ലപ്പെട്ടത്. 200 ഓളം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഖുറാം ജില്ലയിലാണ് ഇസ്ലാമിക വിശ്വാസികൾ പരസ്പരം തമ്മിലടിക്കുന്നത്.
സുന്നി മദഗി, ഷിയാ മാലി ഖേൽ എന്നീ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം. കഴിഞ്ഞ മാസം 24 മുതലാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് ആരംഭിച്ചത്. കൃഷിഭൂമി സംബന്ധിച്ച് പതിറ്റാണ്ടുകളായി ഇരു ഗോത്രവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി 24 ന് ചർച്ചയ്ക്കായി യോഗം ചേർന്നിരുന്നു. ഇതിനിടെ ഇരു വിഭാഗങ്ങളും പരസ്പരം തോക്കുകളുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. വൻ പോലീസ് സന്നാഹം എത്തിയാണ് ഇവിടുത്തെ സംഘർഷം പരിഹരിച്ചത്.
എന്നാൽ പിന്നീട് ഇതിന്റെ ഭാഗമായി സമീപ ഗ്രാമങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം 29 ന് ഇരു വിഭാഗങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. ഏത് നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാമെന്ന ഭീതിയിലാണ് പാകിസ്താനിലെ ജനങ്ങൾ.
അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ച് പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയിട്ടുണ്ട്. ഖുറാം ജില്ലയിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ ആശങ്കയുളവാക്കുന്നു. പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണം. സംഘർഷങ്ങൾ സാധാരണക്കാരെയാണ് ബാധിക്കുക. അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും കമ്മീഷൻ വ്യക്തമാക്കി.
Discussion about this post