കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഇന്ന് തിരച്ചിൽ നടത്തും. ദൗത്യത്തിന്റെ ഭാഗമായ ഈശ്വർ മൽപെയും സംഘവുമാണ് ഇന്ന് പുഴയിൽ തിരച്ചിൽ നടത്തുക. ഇതേ തുടർന്ന് അർജുന്റെ കുടുംബം ഇന്ന് ഷിരൂരിൽ എത്തുമെന്നാണ് വിവരം.
ഇന്ന് അമാവാസി ആയതിനാൽ പുഴയിൽ വേലിയിറക്കം ഉണ്ടാകുകയും വെള്ളം കുറയുയകയും ചെയ്യും. അതിനാലാണ് ഇന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നത്. മൂന്ന് മണിക്കൂറോളം നേരമാണ് പുഴയിൽ വെള്ളം കുറയുക. അതിനാൽ ഈ സമയങ്ങളിൽ ഊർജ്ജിത തിരച്ചിൽ നടത്താനാണ് തീരുമാനം. നേരത്തെ സിഗ്നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് തിരച്ചിൽ നടത്തുക എന്നാണ് വിവരം.
അർജുനെ കാണാതെ ആയി 20 ഓളം ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ നടക്കുന്ന തിരച്ചിലിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുടുംബം. അർജുനായി രണ്ട് ദിവസത്തോളം ഈശ്വർ മൽപെ പുഴയിൽ ഇറങ്ങിയിരുന്നു. എന്നാൽ ഒഴുക്കിനെ തുടർന്ന് ട്രക്കിന് അടുത്ത് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇക്കുറി ട്രക്കിന്റെ അടുത്ത് എത്തിച്ചേരാണ് അദ്ദേഹത്തിന്റെ ശ്രമം.
അതേസമയം ഗംഗാവലിയിലെ തിരച്ചിലിന് കാർഷിക സർവ്വകലാശാലയുടെ ഡ്രജർ എത്തിക്കില്ല. പുഴയിലെ ചെളിയും ഒഴുക്കും കാരണം ഇത് പ്രവർത്തിപ്പിക്കാൻ കഴിയിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
Discussion about this post