ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ ജമ്മു കശ്മീരിൽ നിന്നും കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കുൽഗാം സ്വദേശിയായയ യാസിർ ഭട്ടിനെയാണ് കാണാതെ ആയത്. 2019 മാർച്ചിൽ ജമ്മുവിലെ ബസ്റ്റാന്റിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഇതിൽ അറസ്റ്റിലായ യാസിർ അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇതിന് ശേഷം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് ഇയാൾ അപ്രത്യക്ഷമായിരിക്കുന്നത്.
ഇതിന് പിന്നാലെ പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണം എന്നാണ് പ്രദേശവാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നിലവിൽ ജമ്മു കശ്മീരിൽ ഭീകരർ അശാന്തി സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ഇയാളെ കാണാതെ ആയിരിക്കുന്നത്. ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ഇയാൾ മുങ്ങിയെന്നാണ് സൂചന. ഇതേ തുടർന്നാണ് കുൽഗാമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
അതേസമയം ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അധിക സൈനിക വിന്യാസം ഉൾപ്പെടെയാണ് ജമ്മു കശ്മീരിൽ നടത്തിയിരിക്കുന്നത്. ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Discussion about this post