ന്യൂഡൽഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ബാങ്കിന്റെ പേരിൽ വരുന്ന ലിങ്കുകൾ തുറന്ന് നോക്കരുത് എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ബാങ്കിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
എസ്ബിഐ റിവാർഡ് പോയിന്റുകൾ സ്വന്തമാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങൾ ആണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എസ്എംഎസ്, വാട്‌സ് ആപ്പ് എന്നിവ വഴിയാണ് അയക്കുന്നത്. എസ്ബിഐയുടെ ലോഗോ സഹിതമാണ് വിശ്വസിപ്പിക്കാനായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
ഒരിക്കലും എസ്ബിഐ ഇത്തരത്തിലുള്ള ലിങ്കുകൾ അയക്കില്ലെന്ന് പിഐബി വ്യക്തമാക്കുന്നു. ഇക്കാര്യം ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇത്തരം ലിങ്കുകൾ തുറന്നാൽ നമുക്ക് ഭീഷണിയാകുന്ന ചില ഫയലുകൾ ഡൗൺലോഡ് ആകുന്നു. അല്ലെങ്കിൽ അവർ തന്നെ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച് ക്ലിക്ക് ചെയ്താൽ വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാകുകയെന്നും പിഐബി പറയുന്നു.
തട്ടിപ്പ് തിരിച്ചറിയാനും അതിൽ നിന്നും രക്ഷനേടാനും ചില മാർഗ്ഗങ്ങൾ കേന്ദ്രം നിർദ്ദേശിക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും സന്ദേശമായി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ എന്നിവ പങ്കിടരുത്. സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം എന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Discussion about this post