ടെൽഅവീവ്: പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രായേൽ സംഘർഷം കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ചർച്ചയ്ക്ക് ആധാരം. ഇറാനെതിരെ യുകെയും അമേരിക്കയെയും കൂടെ ചേർത്ത് സഖ്യം രൂപീകരിച്ച് പ്രതിരോധിക്കാൻ ഇസ്രായേൽ താത്പര്യപ്പെടുന്നുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസിൻ്റെ സാധ്യതകളെ കുറിച്ചും പരസ്യമായി സംസാരിച്ചിരുന്നു
കഴിഞ്ഞയാഴ്ച യുഎസ് കോൺഗ്രസിൻ്റെ സംയുക്ത യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസ് എന്ന വാക്ക് പ്രയോഗിച്ചത്. നാറ്റോയുടെ മാതൃകയിൽ ഇറാനെ ലക്ഷ്യമിട്ട് “അബ്രഹാം അലയൻസ്” എന്ന പേരിൽ ഒരു പുതിയ സൈനിക സംഘം രൂപീകരിക്കണമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചത്.
ഞങ്ങൾ ഇറാനുമായി യുദ്ധം ചെയ്യുമ്പോൾ, ഞങ്ങൾ അമേരിക്കയുടെ ഏറ്റവും തീവ്രവും ദുഷ്ടനുമായ ശത്രുവിനോട് പോരാടുകയാണെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ആണവ ഇറാനെ തടയാൻ ഇസ്രായേൽ പോരാടുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, “ഞങ്ങൾ സ്വയം സംരക്ഷിക്കുക മാത്രമല്ല, നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.“ഞങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ ശത്രുക്കളാണ്, ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയങ്ങൾ നിങ്ങളുടെ വിജയങ്ങളായിരിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
അബ്രഹാം സഖ്യം നിലവിൽ വരികയാണെങ്കിൽ വലിയ സംഘർഷത്തിലേക്ക് ആവും ലോകരാഷ്ട്രങ്ങൾ ചെന്നെത്തുക. ഇത് മുന്നിൽ കണ്ട് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാവാതിരിക്കാൻ അമേരിക്ക സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.
Discussion about this post