മലപ്പുറം: കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതത്വമില്ലാത്ത നാടായി നമ്മുടെ കേരളം മാറുന്നുവെന്ന് സാക്ഷ്യപ്പെടുത്തി പോലീസ് കേസ് റെക്കോർഡുകൾ. സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യം ഉയർത്തുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ ക്രമാതീതമായി ഉയരുകയാണ്. ഈ വർഷം ജൂൺ വരെ 2180 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയായി മലപ്പുറം മാറി. ആറ് മാസത്തിനിടെ 241 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജനുവരി – 43, ഫെബ്രുവരി – 39, മാർച്ച് – 40, ഏപ്രിൽ – 35, മേയ് – 46, ജൂൺ – 38 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 499 പോക്സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 526, 462 എന്നിങ്ങനെയായിരുന്നു. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളതാണ് കേസുകളുടെ എണ്ണത്തിൽ മലപ്പുറം മുന്നിലാവാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.വിചാരണ നടപടികൾ നീളുന്നതിനാൽ പല ഇരകളായ കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താൽപര്യപ്പെടുന്നില്ല.
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്‌സോ നിയമം) കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൈംഗികാതിക്രമങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടുക എന്ന ഉദ്ദേശത്തോടെ, 2012-ൽ പാർലമെന്റ് പാസാക്കിയതാണ് കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ)
Discussion about this post