തൃശൂർ : ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കവർച്ച നടത്തുന്ന മലയാളി സംഘം പിടിയിൽ. മുംബൈ പോലീസ് കേരളത്തിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്.
ജൂലൈ പത്തിന് ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറിൽ മുംബൈക്ക് വരുന്നതിനിടെ ഒരു സംഘം ആളുകൾ കാർ തടഞ്ഞ് കവർച്ച നടത്തിയിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീപാതയിൽ കാർ തടഞ്ഞ് നിർത്തിയ സംഘം ഭീഷണിപ്പെടുത്തി 73 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. തുടർന്ന് ഫീക്ഭായി സെയ്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അത് വ്യാജനമ്പറായിരുന്നു. തുടർന്ന് ഇതേ രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ് മുംബൈ പോലീസിനേ കേരളത്തിലെത്തിച്ചത്.
തൃശൂർ ചാലക്കുടിയിലെത്തിയ പോലീസ് ടോൾ പ്ലാസയിലെ ദൃശ്യങ്ങൾ ചാലക്കുടി പോലീസിനെ കാണിച്ചതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ കാറിൽ ഏഴ് കോടിയോളം രൂപ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇവരുടെ കൂട്ടാളികളാണ് പണം കൊണ്ടുപോയത് എന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കൂട്ടാളികൾക്ക് വേണ്ടിയുളള അന്വേഷണം ഊർജ്ജിതമാക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം പിടിയിലായ പ്രതികളിൽ ജിനീഷ് വർഷങ്ങൾക്ക് മുൻപ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉൾപെട്ടയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മറ്റ് നിരവധി കവർച്ചകളിൽ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ കോങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കോടിയിൽ പരം രൂപ കൊള്ളയടിച്ച കേസിൽ ഉൾപ്പെട്ടയാളാണ്. കനകാമ്പരനും സതീശനും അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മദ്യവിൽപന നടത്തിയതിന് കേസുകൾ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
Discussion about this post