മുംബൈ: മുംബൈയിൽ ആഡംബര വീട് വാങ്ങി തമിഴ് നടൻ മാധവൻ. ബാന്ദ്രാ കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ആഡംബര വീടാണ് മാധവൻ വാങ്ങിയത്. ബോളിവുഡിൽ സജീവ സാന്നിദ്ധ്യം ആകുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഈ പുതിയ നീക്കം എന്നാണ് ആരാധകർ പറയുന്നത്.
4,5 ബിഎച്ച്‌കെ അപ്പാർട്‌മെന്റുകൾ ഉൾപ്പെടുന്ന സിഗ്നിയ പോളിലാണ് അദ്ദേഹം പുതിയ വസതി വാങ്ങിയിരിക്കുന്‌നത്. 4182 ചതുരശ്ര അടി വിസ്തീർണമുള്ള വസതി 17.5 കോടി രൂപ ചിലവിട്ടാണ് മാധവൻ വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത്. ഇതിന് പിന്നാലെയായിരുന്നു മാദ്ധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടത്. വസതിയിൽ അൽപ്പം കൂടി അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടെന്നാണ് വിവരം. അത് കൂടി പൂർത്തിയായാൽ ഉടൻ തന്നെ താരവും കുടുംബവും ഇവിടേയ്ക്ക് താമസം മാറുമെന്നാണ് സൂചന.
നിലവിൽ താരം മുംബൈയിൽ തന്നെയാണ് താമസം. മാതാപിതാക്കളും ഭാര്യയും മകനുമാണ് ഇവിടെയുള്ളത്. ഓപ്പൺ പ്ലാനിൽ വിശാലമാണ് താരത്തിന്റെ ഈ വീട്. അതേസമയം കോളിവുഡ് വിട്ട് മാധവൻ ബോളിവുഡിൽ മാത്രമായി ഒതുങ്ങുമെന്നാണ് സൂചന. തമിഴ് സിനിമകൾ പോലെ തന്നെ ഇതിനോടകം തന്നെ നിരവധി ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post