ബത്തേരി: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നടക്കം ചിലർ സ്ഥലം കാണാൻ വരുന്നതുപോലെ ദുരന്തപ്രദേശത്ത് എത്തുന്നുണ്ടെന്നും ചില ആളുകൾ വേറുതേ വന്ന് വീഡിയോ എടുത്ത് ദുരന്ത ടൂറിസമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
വോളണ്ടിയർ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള വോളണ്ടിയർമാർ മാത്രം മതി. വോളണ്ടിയർമാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതിൽ കൃത്യമായ നിയന്ത്രണം വേണം.ദുരിതപ്രദേശത്ത് വോളണ്ടിയർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ചിലർ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ ചിലർ വ്യാപകമായി പണപ്പിരിവ് നടത്തുന്നൂവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മഹാഭൂരിപക്ഷം ആത്മാർഥമായി ഇടപെടുമ്പോൾ ഒരു ന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം നല്ലനിലയിൽ വളരെ ആത്മാർത്ഥമായി പാകം ചെയ്ത് വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. എന്നാൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്ക് ഭക്ഷണം കഴിച്ചിട്ട് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഉൾപ്പെടെ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സൈനികർക്കൊക്കെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post