വയനാട് : ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ ഇന്ന് ജാതിമതഭേതമില്ലാതെ ഒന്നിച്ച് സംസ്‌കരിച്ചു. മേപ്പാടി പുതുമലയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോൾ നാടാകെ വിങ്ങിപ്പൊട്ടുകയായിരുന്നു. വിവിധ മതങ്ങളുടെ പ്രാർത്ഥനകളെ സാക്ഷിയാക്കിയാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിച്ചത്. തുടർന്ന് പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഡിഎൻഎ സാംപിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും എടുത്തു. പോലീസ് ഇത്തരം മൃതദേഹങ്ങൾ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും.
തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങൾ, അവകാശത്തർക്കങ്ങളുള്ള മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ സംസ്‌കരിക്കുന്നതിനും ഈ രീതികൾ ബാധകമാണ്.
ദുരന്തത്തിൽ ഇതുവരെ 369 പേർ മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിൽ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേർ കഴിയുന്നുണ്ട്.












