എറണാകുളം: ട്രെയിനിൽ നിന്നും വിവിധ ഭാഷാ തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി. വിനോദിന്റെ മാതാവ് ലളിത അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. വിനോദ് കൊല്ലപ്പെട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് ലളിതയും വിടവാങ്ങിയിരിക്കുന്നത്. എറണാകുളം സ്വദേശികളാണ് വിനോദും ലളിതയും.
എറണാകുളം- പറ്റ്‌ന സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ ടിടിഇ ആയി ജോലി ചെയ്യുന്നതിനിടെ ആയിരുന്നു വിനോദ് കൊല്ലപ്പെട്ടത്. ഒഡീഷ സ്വദേശി രജനികാന്ത ആയിരുന്നു കൊലപ്പെടുത്തിയത്. ടിക്കറ്റ് എടുക്കാതെ ആയിരുന്നു ഇയാളുടെ യാത്ര. ഇത് ചോദ്യം ചെയ്ത വിനോദിനെ രജനികാന്ത് ചവിട്ടി താഴേയ്ക്ക് ഇടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് തൽക്ഷണം മരിച്ചു.
അവിവാഹിതൻ ആയ വിനോദിന്റെ പരിചരണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. വിനോദിന്റെ മരണം അമ്മയുടെ രോഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചിരുന്നു. അടുത്തിടെ ലളിതയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ലളിതയുടെ ഭർത്താവ് റെയിൽവേ ജീവനക്കാരൻ ആയിരുന്നു. അദ്ദേഹം മരിച്ചതിന് പിന്നാലെയാണ് വിനോദിന് ജോലി ലഭിച്ചത്. ആദ്യം മെക്കാനിക്കൽ വിഭാഗത്തിൽ ആയിരുന്നു വിനോദ്. പിന്നീട് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
Discussion about this post