ടെഹ്‌റാൻ: കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ ഭീകര നേതാവ് ഇസ്മായിൽ ഹനിയ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഉത്തരവാദികൾ ഇസ്രായേൽ ആണെന്നാണ് ഇറാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇതേ തുടർന്ന് ഇസ്രായേലിനോട് പകവീട്ടുമെന്ന പ്രഖ്യാപനവും ഇറാൻ നേതാവ് അയത്തൊള്ള അലി ഖമേനി നടത്തി. പതിവ് പോലെയുള്ള പ്രഖ്യാപനമാണെന്നായിരുന്നു ഇതേക്കുറിച്ച് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ ഖയാമിലെ ജംകാരാൻ മസ്ജിദിന് മുകളിൽ ചുവന്ന കൊടി പാറി.
ടെഹ്‌റാനിൽ വച്ചായിരുന്നു ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ഇതാണ് ഇറാനെ ചൊടിപ്പിച്ചതും. ഇറാൻ ക്ഷണിച്ചത് പ്രകാരം പ്രത്യേക അതിഥിയായി ഇവിടേയ്ക്ക് എത്തിയതായിരുന്നു ഹനിയ. എന്നാൽ ആഘോഷപരിപാടികൾക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. തങ്ങളുടെ രാജ്യത്ത് അതിഥിയായി എത്തിയ ആളെ കൊന്നതിന് പ്രതികാരം ചെയ്യുക തങ്ങളുടെ കർത്തവ്യമാണെന്നാണ് ഇറാൻ പ്രഖ്യാപിക്കുന്നത്.
പ്രതികാരം ചെയ്യുമെന്ന അയത്തുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ എന്തുകൊണ്ടാണ് ജംകാരൻ മസ്ജിദിൽ ചുവന്ന കൊടിയുയർന്നത്?. എന്തുകൊണ്ടാണ് കേവലം ഒരു കൊടി ഇത്രയ്ക്ക് ചർച്ചയാകുന്നത്?. ഇറാന്റെ പ്രതികാരത്തെയാണ് മസ്ജിദിന്റെ നെറുകയിൽ പാറിപ്പറക്കുന്ന ചുവന്ന കൊടി സൂചിപ്പിക്കുന്നത്. ഷിയാ വിഭാഗത്തിന്റെ രക്തസാക്ഷിത്വത്തിന്റെയും പ്രതികാരത്തിന്റെയും പ്രതീകം കൂടിയാണ് ചുവന്ന കൊടി.
‘ ഒ അവഞ്ചേഴ്‌സ് ഓഫ് ഹുസൈൻ’, ഇമാം ഹുസൈന്റെ രക്തത്തിന് പ്രതികാരം ചെയ്യും എന്നാണ് ചുവന്ന പതാകയിൽ എഴുതിയിരിക്കുന്ന വാചകം. ഇറാൻ ഉറപ്പായും പ്രതികാരം ചെയ്യുമെന്ന സന്ദേശം വഹിക്കുന്ന ഈ പതാക ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു അവസാനമായി ഉയർത്തിയത്. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആയിരുന്ന ഖാസിം സുലൈമാനിയുടെ ചരമവാർഷികത്തിൽ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെയായിരുന്നു ഇത്. 2020 ൽ സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയും ഇറാൻ കൊടി ഉയർത്തിയിരുന്നു.
Discussion about this post