ഗർഭിണിയായിരിക്കുമ്പോഴേ ദമ്പതികൾ കുഞ്ഞിന്റെ വരവിനായി ഒരുക്കങ്ങൾ നടത്തി തുടങ്ങാറുണ്ടല്ലേ… കുഞ്ഞുടുപ്പുകൾ വാങ്ങിയും കളിപ്പാട്ടങ്ങൾ വാങ്ങിയും അതിഥിയെ സ്വീകരിക്കാനായി അവർ ഒരുങ്ങും. കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയുന്നതിന് മുൻപ് തന്നെ പേരുകളും കണ്ടെത്തി വയ്ക്കും. ചിലർ സഖ്യാശാസ്ത്രം അനുസരിച്ചോ മറ്റ് ചിലർ ഇഷ്ടപ്പെട്ട ഏതെങ്കിലും ആളുകളുടേയോ പുസ്തകങ്ങളിലെയോ സിനിമകളിലെയോ പേരുകളാവും തിരഞ്ഞെടുക്കുക.
ഇത്തരത്തിൽ വളരെ ആലോചിച്ച് കണ്ടുപിടിച്ച് മകൾക്കിട്ട പേര് കാരണം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് മാതാപിതാക്കൾ. പേര് കാരണം പാസ്‌പോർട്ട് നിഷേധിച്ചിരിക്കുകയാണ് അധികൃതർ.
ലൂസി എന്ന യുവതിയാണ് തൻറെ മകൾക്ക് ഗെയിം ഓഫ് ത്രോൺസ് (GoT) കഥാപാത്രമായ ഖലീസിയുടെ പേര് നൽകിയത്. പക്ഷേ, പാരീസിലേക്ക് നടത്താനിരുന്ന ഒരു യാത്രയ്ക്കായി മകളുടെ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. അധികൃതർ അത് നിഷേധിച്ചു. കാരണം ചോദിച്ച ലൂസിക്ക് അധികൃതർ നൽകിയ മറുപടി പേരിൻറെ ട്രേഡ് മാർക്ക് ഉടമയായ വാർണർ ബ്രദേഴ്‌സിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ പേരിൽ പാസ്‌പോർട്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു.പേര് വാർണർ ബ്രദേഴ്സ് ട്രേഡ് മാർക്ക് ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് പാസ്പോർട്ട് ഓഫീസിൽ നിന്ന് തനിക്ക് കത്ത് വന്നപ്പോൾ താൻ തീർത്തും തകർന്നു പോയെന്നാണ് ലൂസി പറയുന്നത്.
ഉദ്യോഗസ്ഥരുടെ മറുപടിയിൽ 39 -കാരിയായ അമ്മ ആദ്യം ഒന്ന് ആശയക്കുഴപ്പത്തിൽ ആയെങ്കിലും വിഷയത്തിൽ വിദഗ്ധ നിയമോപദേശം തേടാൻ തീരുമാനിച്ചു. ഏതായാലും, നിയമ വിദഗ്ധർ നൽകിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ട്രേഡ് മാർക്കിൽ ഗെയിം ഓഫ് ത്രോൺസ് ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ ഉൾപ്പെടുകയുള്ളൂ എന്നും വ്യക്തികളുടെ പേരുകൾ ഉൾപ്പെടില്ലെന്നും വ്യക്തമായി. ഇതോടെ മാപ്പ് പറഞ്ഞ അധികൃതർ കുട്ടിക്ക് പാസ്‌പോർട്ട് അനുവദിക്കുകയായിരുന്നുവത്രേ.
Discussion about this post