ധാക്ക: ആളിക്കത്തുന്ന ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്കും രാജ്യത്തെ ഭരണമാറ്റത്തിനുള്ള ബ്ലൂ പ്രിന്റ്, പാകിസ്താന്റെ ഐഎസ്‌ഐയുമായി സഹകരിച്ച് ലണ്ടനിൽ തയ്യാറാക്കിയതായി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ആകടിംഗ് ചീഫും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാനും സൗദി അറേബ്യയിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ തെളിവുകൾ ലഭിച്ചതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമത്തിന് മുന്നോടിയായി എക്‌സിൽ പ്രത്യക്ഷപ്പെട്ടിരുന്ന പലതരത്തിലുള്ള ബംഗ്ലാദേശ് വിരുദ്ധ പോസ്റ്റുകൾ പ്രതിഷേധത്തിന് ആക്കം കൂട്ടുകയായിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിനെതിരെ അഞ്ഞൂറിലധികം പോസ്റ്റുകൾ എക്‌സിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹസീന സർക്കാരിനെ തകർക്കാനും പാകിസ്താൻ അനുകൂലമായി നിൽക്കുന്ന പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയെ പുനഃസ്ഥാപിക്കാനും ആണ് പാകിസ്താൻ സൈന്യവും ഐഎസ്‌ഐയും ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ചൈനയുടെയും പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹസീനയെ മാറ്റി പാക്കിസ്ഥാനോടും ചൈനയോടും സൗഹൃദമുള്ള ഒരു ഭരണം കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
രാജ്യത്തുടനീളം വ്യാപകമായ അക്രമത്തിന് പ്രേരണ നൽകുകയെന്ന ലക്ഷ്യത്തോടെ ഐ എസ് ഐ അംഗങ്ങൾ മാസങ്ങൾക്കുമുമ്പ് തന്നെ സൂക്ഷ്മമായ ആസൂത്രണം നടത്തിയതായി ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഷെയ്ഖ് ഹസീന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഐഎസ്‌ഐ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിക്ക് ഈ വർഷമാദ്യം കാര്യമായ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നു. ഈ ഫണ്ടിംഗിന്റെ ഒരു പ്രധാന ഭാഗം പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളിൽ നിന്നാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു.
Discussion about this post