മുംബൈ: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകി നടൻ പ്രഭാസ്. രണ്ട് കോടി രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. അദ്ദേഹത്തിന്റെ പിആർഒയാണ് ഇക്കാര്യം അറിയിച്ചത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കിടെ ഇന്നലെയാണ് അദ്ദേഹം സംഭാവന നൽകിയത്. ദുരിത ബാധിതർക്ക് വീട് വയ്ക്കുന്നതിനുൾപ്പെടെ ഈ തുക വിനിയോഗിക്കണം എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ അല്ലു അർജുൻ ഉൾപ്പെടെയുള്ള താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
25 ലക്ഷം രൂപയാണ് അല്ലു അർജുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. രണ്ട് കോടി രൂപ ചിരഞ്ജീവിയും നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ നാമവേശമായ മുണ്ടകൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കായി രാജ്യത്തെ സിനിമ മേഖല മുഴുവൻ കൈ കോർക്കുന്നതാണ് കാഴ്ചയാണ് കാണുന്നത്.
വയനാട്ടിലെ ദുരിത ബാധിതർക്കായി ആദ്യം ധനസഹായം നൽകിയത് തമിഴ് നടൻ വിക്രം ആയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് തെന്നിന്ത്യൻ താരങ്ങളും സഹായങ്ങളുമായി രംഗത്ത് എത്തിയത്.
Discussion about this post