തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ജൂൺമാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് തീരുമാനം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോൺക്ലേവ് നടന്നത്. ഇതിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്.
എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനിമുതൽ ഓൾപാസ് ഉണ്ടാകില്ല. വിജയിക്കാൻ ഇനി മിനിമം മാർക്ക് നിർബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടർന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാകും. പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാർക്ക് വിജയിക്കാൻ നിർബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിർണയത്തിനും മിനിമം മാർക്ക് നിർബന്ധമാകും. നിലവിൽ രണ്ടിനുംകൂടി ചേർത്താണ് വിജയിക്കാൻ ആവശ്യമായ മാർക്ക് കണക്കാക്കുന്നത്.
Discussion about this post