ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് ധാക്കയിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും തിരിച്ച് വിളിച്ച് ഇന്ത്യ. ഹൈക്കമ്മീഷനിൽ നിലവിൽ സേവനമാവശ്യമില്ലാത്ത 190 ജീവനക്കാരെയാണ് ഇന്ത്യയിലേയ്ക്ക് തിരികെ വിളിച്ചിരിക്കുന്നത്. നയതന്ത്രജ്ഞരോട് ബംഗ്ലദേശിൽ തന്നെ തുടരാനാണ് നിർദേശം.
മുപ്പതോളം ജീവനക്കാർ ഇപ്പോഴും ഹൈക്കമ്മീഷനിൽ തന്നെ തുടരുന്നുണ്ടെന്നാണ് വിവരം. പരിനായിരത്തോളം ഇന്ത്യക്കാർ നിലവിൽ ധാക്കയിൽ താമസിക്കുന്നുണ്ടെന്നും അവരുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഈ ഇന്ത്യക്കാരെ എത്രയും വേഗം ഒഴിപ്പിക്കാൻ മത്രമുള്ള അടിയന്തര സാഹചര്യം ബംഗ്ലാദേശിൽ നിലനിൽക്കുന്നില്ലെന്നും സർവകക്ഷി യോഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബംഗ്ലാദേശിൽ കഴിയുന്ന ഇന്ത്യക്കാർ വീടുകളിലും ക്ഷേത്രങ്ങളിലും വച്ച് ആക്രമിക്കപ്പെടുന്നത് രാജ്യത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനിടെ രാജ്യത്തുടനീളം വ്യപകമായി അക്രമ സംഭവങ്ങളും കൊള്ളയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗ്ലാദേശിലുടനീളം ഇരുപതിലധികം അവാമി ലീഗ് നേതാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
Discussion about this post