ആലപ്പുഴ: തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ച് വീട്ടമ്മ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ െവേണുഗോപാൽ. തുമ്പച്ചെടി കഴിക്കുന്നത് എങ്ങനെയാണ് മരണത്തിന് കാരണമാകുക എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ ഉള്ളവർ തുമ്പ കഴിക്കുന്നത് അപകടകരമായി മാറുമെന്ന് ഡോക്ടർപറയുന്നു. ഇത് ചിലപ്പോൾ മരണത്തിന് വരെ കാരണമായേക്കാം. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്‌രോഗം, പ്രമേഹം, കിഡ്‌നി രോഗങ്ങൾ എന്നിവ ഉള്ളവർക്ക് ദോഷകരമായി മാറിയേക്കാമെന്നും ഡോക്ടർ വ്യക്തമാക്കി.
അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ശരിയായ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.. രാസപരിശോധനാ ഫലവും പുറത്ത് വരേണ്ടതുണ്ട്.
ചേർത്തല സ്വദേശിനിയായ ജെ. ഇന്ദു (42) ആണ് മരിച്ചത്. ഇവർ തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചിരുന്നുവെന്നും അതായിരിക്കാം ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കൾ സംശയം ഉന്നയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഇവർ തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചെന്നും തുടർന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
Discussion about this post