വയനാട് : വയനാട്ടിൽ പെട്ടനുണ്ടായ ഉരുൾപൊട്ടൽ ദുരനന്തത്തിൽ വിറങ്ങിലിച്ചിരിക്കുകയാണ് കേരളം. ഇപ്പോഴും ദുരന്തമുഖത്ത് തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. നാടിനെ നടുക്കിയ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയാണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്ത വ്യാപ്തി ഇരട്ടിയാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2018 മുതൽ നിരന്തരം ചെറിയ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 3 മുതൽ ശക്തമായ മഴയാണ് ദുരന്ത മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തം ഉണ്ടാവുന്നതിന് മുൻപ് വിവിധ മേഖലകളിലായി 372 , 400 മില്ലി ലിറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളിൽ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് അധികം ലഭിച്ചത്.
അതേസമയം ജനകീയ തിരച്ചിലിനിടെ ഇന്ന് മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തു. മനുഷ്യൻേതാണോ എന്ന് വ്യക്തമല്ല. പോസ്റ്റമോർട്ടതിന് ശേഷം മാത്രമേ തിരിച്ചറിയാൻ സാധിക്കു എന്ന് അധികൃതർ പറഞ്ഞു. ചാലിയാറിൽ നാളെയും മറ്റന്നാളും വിശദ പരിശോധന നടത്തും എന്നും അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post