തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുളം, തോട്, എന്നിവ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രികളിൽ ചികിത്സ തേടണം. 97 ശതമാനം മരണനിരക്കുള്ള രോഗമായതിനാൽ തന്നെ തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിയാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഈ രോഗം ബാധിച്ച ശേഷം രോഗമുക്തി നേടിയിട്ടുള്ളത് ലോകത്ത് 11 പേർ മാത്രമാണ്. കേരളത്തിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് രോഗമുക്തി നേടിയത്. ചികിത്സയിൽ കഴിയുന്നവർക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലെ വെള്ളം ഉപയോഗിക്കുന്നവർക്കും അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടാൻ സാധ്യതയുണ്ട്. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതുമെല്ലാം ഒഴിവാക്കുക. മാലിന്യമുള്ളതോ ചെളി കെട്ടിക്കിടക്കുന്നതോ ആയ വെള്ളത്തിലും രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാകും. മൂക്കിൽ ശസ്ത്രക്രിയ കഴിഞ്ഞവരും തലയിൽ ക്ഷതമേറ്റിട്ടുള്ളവർ, തലയിൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്നും വീണ ജോർജ് പറഞ്ഞു.
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വെള്ളം വലിച്ച് കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം പോവുന്നില്ലെന്ന് ഉറപ്പാക്കാനായി നേസൽ ക്ലിപ്പുകൾ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post