ബീജിംഗ്: ചൈനയിൽ സാമ്പത്തിക മാന്ദ്യത്തിനിടെ തൊഴിലിടങ്ങളിലും അസ്വസ്ഥത പുകയുന്നതായി റിപ്പോർട്ട്. രാജ്യത്തെ നിർമ്മാണ മേഖലകളിലാണ് ഈ പ്രവണത അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബ്ലൂകോളർ തൊഴിലാളികൾ അസ്വസ്ഥരാണെന്നാണ് വിവരം. ജപ്പാൻ ആസ്ഥാനമായുള്ള പ്രതിവാര വാർത്താ മാസികയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
മാദ്ധ്യമങ്ങൾക്കടക്കം കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ട് പോലും പൊതുജനഅതൃപ്തിയുടെയും ബുദ്ധിമുട്ടുകളുടെയും ലക്ഷണങ്ങൾ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും തൊഴിലാളി സമരങ്ങളും തലപൊക്കി തുടങ്ങി. ചൈനയുടെ വളർച്ച Q1 ലെ 5.3 ശതമാനത്തിൽ നിന്ന് 2024 Q2 ൽ 4.7 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ ചില വ്യവസായങ്ങൾ കയറ്റുമതിയിലേക്ക് തിരിയാൻ കാരണമായി. മറ്റുള്ളവ ഉൽപ്പാദനം വിദേശത്തേക്ക് മാറ്റുന്നു.
മുൻനിര ചൈനീസ് കമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചു. ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നുമുണ്ട്. ചൈനയുടെടെക് ഭീമനായ അലിബാബ നേരത്തെ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ചൈനയിൽ പല ടെക് കമ്പനികളും ജോലി വെട്ടിക്കുറയ്ക്കുകയാണ്.സിലിക്കൺ വാലിയിലെ കമ്പനികൾ ഏകദേശം 32,000 ജീവനക്കാരെ പിരിച്ചുവിട്ടു.
റിയൽ എസ്റ്റേറ്റ് മേഖലയിലും ചൈന ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.ജി.ഡി.പി.യുടെ മുപ്പതുശതമാനവും സംഭാവന ചെയ്തുകൊണ്ടിരുന്നത് കെട്ടിട നിർമ്മാണ മേഖലയായിരുന്നു. അതിപ്പോൾ 20 ശതമാനം കണ്ട് കുറഞ്ഞു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ പതനത്തോടെയാണ് ഈ രംഗം തകർച്ചയെ നേരിടാൻ തുടങ്ങിയത്. പിന്നാലെ 15 മുതൽ 20 ശതമാനം റിയൽ എസ്റ്റേറ്റ് കമ്പനികളും കടക്കെണിയിലായി. ഇത് വൻതോതിലാണ് യുവജനതയുടെ തൊഴിൽ നഷ്ടത്തിന് കാരണമായത്. തൊഴിലില്ലായ്മ നിരക്ക് ചൈനയിൽ 20 ശതമാനത്തോളം ഉയർന്നിരിക്കുകയാണ്. പ്രസിഡന്റ് ഷി ജിൻ പിംഗ് നടപ്പിലാക്കിയ അനാവശ്യ നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കൽ നയങ്ങളുമാണ് സ്വകാര്യമേഖലയിലെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ അടിത്തറ ഇളക്കിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. ചൈനയുടെ ഊർജ്ജ മേഖലയും വലിയ അളവിൽ പ്രതിസന്ധി നേരിടുകയാണ്. ലോകത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താവായ ചൈനയുടെ വൈദ്യുത ഉല്പാദനത്തിന്റെ 60 ശതമാനവും കൽക്കരിയിൽ നിന്നാണ്. കൽക്കരി ഉല്പാദനത്തിൽ ഇടിവ് ഊർജ്ജ ഉല്പാദനത്തേയും അതുവഴി സാമ്പത്തിക വളർച്ചയെയും മന്ദഗതിയിലാക്കുകയാണ്.
ചൈനീസ് സമ്പദ് വ്യവസ്ഥ ക്ഷീണിക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തിയാർജ്ജിക്കുന്നത് ലോകസാമ്പത്തിക വൃത്തങ്ങളിൽ ഇന്ന് സജീവ ചർച്ചയാണ്. ഇരുരാജ്യങ്ങളിലേക്കും വരുന്ന വിദേശ നിക്ഷേപത്തിന്റെ തോത് ആണ് ഈ ചർച്ചകൾക്ക് അടിസ്ഥാനം. ചൈനയുടെ അടിസ്ഥാനപരമായ ചില ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണ് 19 ട്രില്യൺ (19 ലക്ഷം കോടി) ഡോളർ സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് അതിവേഗം കുറയുന്നത്.
Discussion about this post