ചില സമയങ്ങളിൽ നമുക്ക് പല ഭക്ഷണങ്ങളും കഴിക്കാൻ കൊതി തോന്നാറുണ്ട്. ചിലപ്പോൾ ചോക്ലേറ്റി നോടാവാം , ചിലപ്പോൾ ഉപ്പ് അടങ്ങിയ എന്തിനോടെങ്കിലും ആവാം. അങ്ങനെ അങ്ങനെ പല ഭക്ഷണങ്ങളോടാവാം കൊതി. പോഷകങ്ങളുടെ കുറവ് മൂലമാണ് ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നുന്നത് എന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്.അത്തരം ചില കൊതികളെയും അവയുടെ പിന്നിലെ പോഷകകുറവ് എന്താണെന്നും അറിയാം.
1. ചോക്ലേറ്റിനോടുള്ള കൊതി
ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നുന്നത് ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവ് കൊണ്ടാകാം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.
2. മധുരത്തോടുള്ള കൊതി
മധുരപലഹാരങ്ങളോടുള്ള കൊതി ക്രോമിയം കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇൻസുലിൻ പ്രവർത്തനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ക്രോമിയം സഹായിക്കുന്നു.
3. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി
ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ സോഡിയത്തിന്‍റെ കുറവാകാം. അതുപോലെ നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്, മൈഗ്രെയ്ൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് കാരണമാകും. ഉപ്പിന്‍റെ അമിത ഉപയോഗം ശരീരത്തിന് നന്നല്ല എന്നതിനാല്‍ ഇത്തരം കൊതിയെ പിന്തുടരാതെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
4. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി
പാസ്ത, ബ്രെഡ്, ചോറ് തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ ചിലപ്പോള്‍ നൈട്രോജന്‍റെ കുറവാകാം, അല്ലെങ്കില്‍ സെറോടോണിന്‍റെ കുറവാകാം .
5. റെഡ് മീറ്റിനോടുള്ള കൊതി
റെഡ് മീറ്റിനോടുള്ള കൊതിയെ സൂചിപ്പിക്കുന്നത് ചിലപ്പോള്‍ അയേണ്‍ അഥവാ ഇരുമ്പിന്‍റെ കുറവിനെ ആയിരിക്കാം.
6. ചീസിനോടുള്ള കൊതി
ചീസ് അല്ലെങ്കിൽ മറ്റ് പാലുൽപ്പന്നങ്ങൾ കഴിക്കാനുള്ള കൊതി കാത്സ്യം കുറവിൻ്റെ ലക്ഷണമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും നാഡികളുടെ ആരോഗ്യത്തിനും കാത്സ്യം അത്യന്താപേക്ഷിതമാണ്.
7. ഐസിനോടുള്ള കൊതി
ഇരുമ്പിൻ്റെ കുറവുള്ള അനീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് ഐസിനോടുള്ള കൊതി. ഇതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Discussion about this post