ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ഇന്ന്. ഇതേതുടര്‍ന്ന്, ഡൽഹി ട്രാഫിക് പോലീസ് ട്രാഫിക് നിയന്ത്രണം പ്രഖ്യാപിച്ചു. പുലർച്ചെ 4 നും 11 നും ഇടയിൽ നിരവധി റോഡുകൾ അടച്ചിരിക്കും.
നേതാജി സുഭാഷ് മാർഗ് ഡൽഹി ഗേറ്റ് മുതൽ ചട്ട റെയിൽ വരെ, ലോതിയൻ റോഡ് ജിപിഒ മുതൽ ചട്ട റെയിൽ വരെ, എസ്പി മുഖർജി മാർഗ് എച്ച്സി സെൻ മാർഗ് മുതൽ യമുന ബസാർ ചൗക്ക് വരെ, ചാന്ദ്‌നി ചൗക്ക് റോഡ് ഫൗണ്ടൻ ചൗക്ക് മുതൽ റെഡ് ഫോർട്ട് വരെ, നിഷാദ് രാജ് മാർഗ് റിങ് റോഡിൽ നിന്ന് നേതാജി സുഭാഷ് മാർഗ് വരെ , എസ്പ്ലനേഡ് റോഡും നേതാജി സുഭാഷ് മാർഗിലേക്കുള്ള ലിങ്ക് റോഡും, രാജ്ഘട്ടിൽ നിന്ന് ISBT യിലേക്കുള്ള റിംഗ് റോഡും, ISBT മുതൽ IP മേൽപ്പാലം വരെയുള്ള ഔട്ടർ റിംഗ് റോഡും (സലിംഗഡ് ബൈപാസ്) എന്നിവ ആഗസ്റ്റ് 15 ന് അടച്ചിടും . പഴയ ഇരുമ്പുപാലവും ഗീത കോളനി പാലവും അടച്ചിടും.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെയാകും രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ രീതിയാണ് തുടരുന്നത് .11-ാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ഐതിഹാസികമായ ചെങ്കോട്ടയിൽ നടക്കുന്ന മഹത്തായ ആഘോഷത്തിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളെയും ക്ഷണിക്കും. ആഗസ്റ്റ് 15-ന് നടക്കുന്ന ആഘോഷത്തിനായി ഏകദേശം 4,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ഈ അതിഥികളെ 11 വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളെയും സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. 18,000-ത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Discussion about this post