കൊച്ചി; മൂവാറ്റുപുഴ നിർമല കോളേജിലും പിന്നാലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. ക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്‌കാരസ്ഥലം ഒരിക്കലും അനുവദിക്കാനാവില്ല. ക്രൈസ്തവ സ്ഥാപനങ്ങളിലെ നിലപാട് നിയമാനുസൃതവും വ്യക്തവുമാണെന്ന് അൽമായ ഫോറം വ്യക്തമാക്കി.
ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടർച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണവും മേൽനടപടികളും അടിയന്തരമായി ഉണ്ടാവണമെന്ന് അൽമായ ഫോറം അഭ്യർത്ഥിച്ചു. വ്യക്തമായ അജണ്ടയോടുകൂടി പ്രവർത്തിക്കുന്ന അധാർമിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കേന്ദ്ര സർക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തിൽ ആവശ്യമായിരിക്കുന്നു. മതമൗലികവാദം ഭീകരവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്.ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിൻറെയും മറപിടിച്ച് നിസ്സാരകാര്യങ്ങൾ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്.ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാൻ കഴിയില്ലെന്ന് അൽമായ ഫോറം ചൂണ്ടിക്കാട്ടി.
കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾ രംഗത്തെത്തിയതിൽ ദുരൂഹതയെന്ന് കോതമംഗലം രൂപത ജാഗ്രത സമിതിയും ചൂണ്ടിക്കാട്ടി.
Discussion about this post