തിരുവനന്തപുരം;വിവാഹത്തെ കച്ചവട മനസോടെ കാണുന്നുവെന്ന് കുറ്റപ്പെടുത്തി വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ. പി സതീദേവി.സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന് അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ് അദാലത്തിൽ കിട്ടിയ പരാതികളിൽ ഏറെയും. അതിൽ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. വിവാഹത്തെ കച്ചവട മനസ്ഥിതിയോടെ കാണുന്നുവെന്നാണ് കമ്മിഷന്റെ മുന്നിൽ വരുന്ന പരാതികളിൽ നിന്നും മനസിലാവുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവുമെല്ലാം തിരിച്ചുകിട്ടുന്നതിന് പരാതിയുമായി കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കമ്മിഷന്റെ മുമ്പാകെയും ദമ്പതിമാർ വരേണ്ടിവരുന്നുവെന്നത് കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥയാണ് കാണിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
സ്ത്രീധനം മാത്രമല്ല ഇരുകൂട്ടരുടെയും വിവാഹേതര ബന്ധങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരുമിച്ചു താമസിക്കുമ്പോഴും ഭാര്യയ്ക്കും ഭ൪ത്താവിനും വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തിലും മക്കളുടെ മനസിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിവാഹ ബന്ധങ്ങൾ രമ്യമായി കൊണ്ടുപോകന്നതിനാവശ്യമായ ഇടപെടൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വനിത കമ്മീഷൻ ചൂണ്ടിക്കാട്ടി.
Discussion about this post