ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യത്ത് നിന്നും പലായനം ചെയ്ത ശേഷം ആദ്യമായി പ്രസ്താവനയിറക്കി ഷെയ്ഖ് ഹസീന. ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഷെയ്ഖ് ഹസീന അറിയിച്ചു. മറ്റന്നാളത്തെ ദേശീയ ദുഖാചരണം സമാധാനപരമായി നടത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ സജീബ് വസേദിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ ബംഗ്ലാദേശ് കലാപ ഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനു നേരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 200 ലധികം ആക്രമണങ്ങൾ ആണ് ഹിന്ദുക്കൾക്ക് നേരെ നടന്നത്. നിരവധി ഹിന്ദുക്കൾ കൊല്ലപ്പെടുകയും ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തു.
ഇസ്‌കോൺ, ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളാണ് അക്രമികളുടെ പ്രധാന ലക്ഷ്യങ്ങള്‍. ദിനാജ്പൂർ ജില്ലയിൽ ഒരു ശ്മശാനം അക്രമികൾ കൈയേറിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ചാട്ടോഗ്രാമിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഖുൽന, ജെസ്സോർ, ദിനാജ്പൂർ, ലാൽമോനിർഹട്ട്, മഗുര എന്നീ മേഖലകളിലും ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെട്ടു.
Discussion about this post