തിരുവനന്തപുരം: മാഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സിപിഎം അനുകൂല കൂട്ടായ്മ പിരിച്ച പണം കാണാനില്ലെന്ന് പരാതി. അഭിമന്യൂവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാനെന്ന പേരിൽ ആറരവർഷം മുൻപ് ആരംഭിച്ച പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരിക പ്രവർത്തകർ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയ്ക്ക് പരാതി നൽകി.
പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ് നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം. അംഗങ്ങളും പു.ക.സ. പ്രവർത്തകരുമായിരുന്നെങ്കിലും പാർട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവെന്നാണ് വിവരം. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സ്‌കോളർഷിപ്പ് നൽകുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം.
അഭിമന്യു വധത്തിന് പിന്നാലെയാണ് മാനവീയം തെരുവിടം കൂട്ടായ്മ ഫണ്ട് പിരിവ് ആരംഭിച്ചത്. അഭിമന്യു കൊലപാതകം ഒരു നൊമ്പരമായി നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷമായിരുന്നതിനാൽ ധനസമാഹരണവും സ്വാഗതം ചെയ്യപ്പെട്ടു. ഇടതുചിന്തകനായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് തനിക്കു ലഭിച്ച അവാർഡ് തുക ഈ ഫണ്ടിലേക്കു നൽകി പ്രചോദനവുമായി. പിന്നാലെ സാംസ്‌കാരികപ്രവർത്തകർമുതൽ സാധാരണക്കാർവരെ ചെറുതും വലുതുമായ തുകയാണ് സംഭാവന നൽകിയത്. എന്നാൽ, പിരിവ് തുടങ്ങി ആറരവർഷം പിന്നിട്ടിട്ടും അർഹരിലേക്ക് എത്താതായതോടെ കൂട്ടായ്മയിൽ ഉൾപ്പെട്ടവർതന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
അഭിമന്യു എൻഡോവ്മെന്റിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും കുടുംബാംഗങ്ങളെപ്പോലും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. പരാതി പ്രതിഷേധമായതോടെ 2022-ൽ തെരുവിടത്തിന്റെ പേരിൽ കേരളാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി മൂന്നരലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ ഭാരവാഹികൾ നൽകി. എന്നാൽ, ഇത്രയും വർഷങ്ങൾകൊണ്ടു സമാഹരിച്ചത് വൻ തുകയാണെന്നും അത് എവിടെപ്പോയി എന്നുമാണ് പരാതിക്കാർ ചോദിക്കുന്നത്. രസീതുപോലും ഇല്ലാതെയായിരുന്നു വൻ പണപ്പിരിവെന്നും ഇവർ സി.പി.എമ്മിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരും സി.പി.എം. അംഗങ്ങളാണ്
Discussion about this post