തിരുവനന്തപുരം; വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ആറ് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി ചേർത്താണ് ആറ് ലക്ഷം രൂപ നൽകുക. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നൽകും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മേപ്പാടിയിൽ നിന്നും 151 മൃതദേഹവും നിലമ്പൂരിൽ 80 മൃതദേഹവും കണ്ടേത്തി. 39 ശരീരഭാഗം മേപ്പാടിയിലും നിലമ്പൂരിൽ 172 ശരീരഭാഗവും കണ്ടെുത്തു. ഇതുവരെ ലഭിച്ച എല്ലാ ശരീരഭാഗത്തിന്റേയും മൃതദേഹത്തിന്റേയും പോസ്റ്റ് മോർട്ടം നടത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹവും 2 ശരീരഭാഗവും ബന്ധുക്കൾക്ക് കൈമാറിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.സർട്ടിഫിക്കറ്റ് വീണ്ടെടുക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ചു.വിവിധ സ്ഥാപനങ്ങളിൽനിന്നും പുതിയ രേഖകളോ ഡ്യൂപ്ലിക്കേറ്റോ നൽകുമ്പോൾ യാതോരു ഫീസും വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചു.
ദുരിത ബാധിത കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ മുഴുവനായി സ്‌പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
Discussion about this post