തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന് ശേഷം മാജിക് നമ്പർ പിന്നിട്ട് റബ്ബർ വില. കിലോയ്ക്ക് 255 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത് എന്നാണ് റിപ്പോർട്ടുകൾ. 13 വർഷത്തിന് ശേം ആദ്യമായിട്ടാണ് റബ്ബർ വില ഇത്രയും വർദ്ധിക്കുന്നത്. ഇതോടെ റബ്ബർ കർഷകർ വലിയ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ്.
കഴിഞ്ഞ ദിവസം റബ്ബർ കിലോയ്ക്ക് 250 രൂപ നിരക്കിൽ ആയിരുന്നു വ്യാപാരം. ഇത് മറികടന്നാണ് വിലയിൽ റെക്കോർഡ് ഇട്ടത്. ഇതിന് മുൻപ് 2011 ഏപ്രിലിൽ അഞ്ചിനായിരുന്നു റബ്ബർ വില ഇത്രയും അധികം ഉയർന്നത്.
പ്രാദേശിക വിപണിയിൽ റബ്ബർ ആർഎസ്എസ് 4 ഇനമാണ് കിലോയ്ക്ക് 255 ലേക്ക് എത്തിയത്. ഈ ഇനത്തിന് 247 രൂപയാണ് റബ്ബർ ബോർഡ് നൽകുന്ന വില. ആർഎസ്എസ് 5 ന്243 യും റബ്ബർ ബോർഡ് നൽകുന്നത്.
കാലാവസ്ഥയിലെ വ്യതിയാനത്തെ തുടർന്ന് റബ്ബർ കർഷകർക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 200 ൽ താഴെ മാത്രം ഉണ്ടായിരുന്ന വില ജൂണിൽ ആയിരുന്നു 200 കടന്നത്. ഇത് കർഷകർക്ക് വലിയ ആശ്വാസം ആയിരുന്നു. ഇതിന് പിന്നാലെ 55 രൂപയുടെ വർദ്ധനവ് കൂടി ഉണ്ടാകുന്നത്. പരമ്പരാഗത റബ്ബർ ഉത്പാദന രാജ്യങ്ങൾ ഉത്പാദനം കുറച്ചതും, ടയർ കമ്പനികളുടെ റബ്ബർ സ്റ്റോക്കിലുണ്ടായ കുറവുമാണ് കേരളത്തിലെ വില വർദ്ധനവിന് കാരണം എന്നാണ് സൂചന.
Discussion about this post