മൂവാറ്റുപുഴ : പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി. പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടന്നാണ് യുവാവ് ഉറങ്ങിപ്പോയത്. തുടർന്ന് പോലീസ് എത്തി ഇയാളെ വിളിച്ചുണർത്തുകയായിരുന്നു. പള്ളുരുത്തി സ്വദേശി അസീബിനെയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. തുടർന്ന് കൈവരികൾ കടന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മുകളിൽ കയറി നിന്നു. പെട്ടെന്ന് ഉറക്കം വന്നതോടെ ഇയാൾ പൈപ്പുകൾക്ക് മേലെ കിടന്ന് ഉറങ്ങുകയായിരുന്നു.
പാലത്തിലൂടെ നടന്ന് പോയ ചിലരാണ് അപകടകരമായ രീതിയിൽ കിടക്കുന്ന യുവാവിനെ കണ്ടത്. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി ഇയാളെ വിളിച്ചുണർത്തി സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഉറങ്ങുമ്പോൾ മറുവശത്തേക്ക് തിരിഞ്ഞിരുന്നെങ്കിൽ പുഴയിലേക്ക് വീണ് അപകടം സംഭവിച്ചേനെ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമല്ല.
Discussion about this post