വയനാട്: സംസ്ഥാനത്തെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം എന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ്ഗാഡ്കിൽ. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുരിതബാധിതരുടെ പുന:രധിവാസം കൃത്യമായി നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്വാറികളിൽ 85 ശതമാനവും അനധികൃതമായിട്ടാണ് പ്രവർത്തിക്കുന്നത്. എത്ര ക്വാറികൾ ഉണ്ടെന്ന കൃത്യമായ കണക്കുകൾ പോലും സർക്കാരിന്റെ പക്കൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ക്വാറികളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണം. നടത്തിപ്പ് കുടുബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം. കൂണുകൾ പോലെ മുളച്ചുപൊന്തുന്ന റിസോർട്ടുകൾ കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് ദോഷമാണ്. വയനാട്ടിൽ ഇതിന്റെ ആഘാതമുണ്ട്. വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്‌റ്റേ ടൂറിസം നടപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളിൽ പുന:രധിവാസം കൃത്യമായി ഉണ്ടായിട്ടില്ല. വയനാട്ടിലെ ദുരന്തബാധിതർക്ക് ഈ അവസ്ഥയുണ്ടാകരുത്. ഇവരുടെ പുന:രധിവാസം കൃത്യമായി നടപ്പിലാക്കണം. ഇവരുടെ പുന:രധിവാസത്തിനായി 25,000 രൂപ നൽകുമെന്നും മാധവ് ഗാഡ്കിൽ കൂട്ടിച്ചേർത്തു.
Discussion about this post