തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി വിവി രാജേഷിനെ നിശ്ചയിച്ച് ബിജെപി. കൊടുങ്ങാനൂരിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അവസാനനിമിഷം വരെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേര് മേയർസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന അഭ്യൂഹമുണ്ടായിരുന്നു. വിവി രാജേഷ് വിജയിച്ചാൽ സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ എന്ന പദവി അദ്ദേഹത്തിന് സ്വന്തമാകും.
നാലു പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് 50 സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറി വിജയം നേടിയത്. കേവല ഭൂരിപക്ഷത്തിന് ഒരോയൊരു സീറ്റിൻറെ കുറവാണ് ബിജെപിക്കുള്ളത്. വിഴിഞ്ഞം വാർഡിൽ ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതുപോലെ രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കാനായിരിക്കും ബിജെപി ശ്രമം.
അതേസമയം,കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ വനിതകളാണ് മേയറാവുക. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ ജനറൽ ആണ്. 86 മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. ചെയർപേഴ്‌സൺ, മേയർ തെരഞ്ഞെടുപ്പ് നാളെ രാവിലെ 10:30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2:30നും നടത്തും.













Discussion about this post