ഇസ്ലാമാബാദ്: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിൽ മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തിന്റെ പശ്ചാത്താലത്തിൽ പ്രവിശ്യാ ഭരണകൂടത്തോട് ജാഗ്രതാ നിർദ്ദേശം നൽകി.
യുഎഇയിൽ നിന്നും അടുത്തിടെ രാജ്യത്ത് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളോടെ ഇവർ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ സ്രവങ്ങൾ പരിശോധിച്ചപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. എന്നാൽ ഇവരെ ബാധിച്ചത് ഏത് വകഭേദം ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള വിശദമായ പരിശോധനകൾ നടത്തുകയാണ്.
കഴിഞ്ഞ ദിവസം സ്വീഡനിൽ പങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് പാകിസ്താനിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 116 രാജ്യങ്ങളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Discussion about this post