ഇസ്ലാമാബാദ്: ഒരിടവേളയ്ക്ക് ശേഷം പാകിസ്താനിൽ ശൈശവ വിവാഹം വർദ്ധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ നേരത്തെ തന്നെ വിവാഹം കഴിച്ചയക്കുന്നതിലേക്ക് രക്ഷിതാക്കളെ നയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പെൺമക്കളെ വിവാഹം കഴിച്ച് നൽകി ഇതിന് പകരം രക്ഷിതാക്കൾ പണം പറ്റുന്നുണ്ട്.
2022 ന് ശേഷമാണ് രാജ്യത്ത് ശൈശവ വിവാഹം വർദ്ധിച്ചത്. 2022 ൽ ഉണ്ടായ പ്രളയത്തിൽ രാജ്യത്ത് വ്യാപക കൃഷിനാശം ഉണ്ടായി. ഇത് കർഷകർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ പാകിസ്താനിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ഇവരുടെ ദുരിതം ഇരട്ടിയാക്കി. ഇതോടെയാണ് പെൺകുട്ടികളെ വേഗം വിവാഹം ചെയ്ത് നൽകി പകരം പണം വാങ്ങാൻ രക്ഷിതാക്കൾ ആരംഭിച്ചത്. ഇക്കുറി മൺസൂൺ കാലത്തും അതിശക്തമായ മഴയാണ് പാകിസ്താനിൽ അനുഭവപ്പെട്ടത്.
പെൺകുട്ടികൾക്ക് പകരമായി ലക്ഷക്കണക്കിന് രൂപയാണ് ഭർതൃവീട്ടുകാർ നൽകുന്നത്. അടുത്തിടെ സിന്ധ് പ്രവിശ്യയിലെ ഒരു കുടുംബത്തിലെ 14 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകിയിരുന്നു. ഇതിൽ ഒരു പെൺകുട്ടിയ്ക്ക് രണ്ട് ലക്ഷം രൂപ എന്ന നിരക്കിൽ ആയിരുന്നു ഭർതൃവീട്ടുകാർ പണം നൽകിയത്.
അതേസമയം കാലാവസ്ഥ വ്യതിയാനം ആണ് രാജ്യത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത് എന്നാണ് വിവരം.
Discussion about this post