കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്‌സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ എം പോക്‌സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു
കുരങ്ങുപനിക്ക് (എം പോക്‌സ്) എതിരെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ജാഗ്രതയിൽ കേരളം മുൻകരുതൽ എടുക്കണോ എന്നാണ് ആശങ്ക. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതു കേരളത്തിലായതിനാലാണ് ഈ മുൻകരുതൽ. നിലവിൽ ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണു സൂചന. രാജ്യാന്തര യാത്രികരെത്തുന്ന സംസ്ഥാനമെന്ന നിലയിലും പൂർവ രോഗബാധാ ചരിത്രമുള്ളതിനാലുമാണു കേരളത്തിലും ജാഗ്രത പാലിക്കേണ്ടി വരിക.
എന്താണ് കുരങ്ങുപനി?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.
Discussion about this post