ഗുരുവായൂര്‍ : പലിശയ്ക്ക് കൊടുത്ത പണം തിരികെ കിട്ടുന്നതിനായി വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ അമ്പലത്തു വീട്ടില്‍ അലിയുടെ ഭാര്യ ഷബ്ന (25), ബന്ധുവായ സഹായി എരമംഗലം ചെറുവത്തയില് നൗഷാദ് (30) എന്നിവരെയാണ് സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറ്റാട്ടുകര വടക്കത്ത് വീട്ടില്‍ ഷിബുവിന്റെ ഭാര്യ ശ്രുതിയെയാണ് (32) പ്രതികള്‍ തട്ടിക്കൊണ്ടു പോയത്. ഇവരെ പിന്നീട് പോലീസെത്തി മോചിപ്പിച്ചു.
2014 മാര്‍ച്ചില്‍ ഷിബു, അലിയില്‍നിന്ന് എട്ടു ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. ഇതിന്റെ ഉറപ്പിനായി ശ്രുതിയുടെ പേരിലുള്ള സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് മുതലും പലിശയുമായി 10 ലക്ഷം രൂപ ഷിബു അലിക്കു തിരികെ നല്കി. ഇതേത്തുടര്‍ന്നു സ്ഥലം തിരിച്ചു റജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്തു . എന്നാല്‍ മുതലിലേക്കു രണ്ടര ലക്ഷം രൂപയും പലിശ ഇനത്തില്‍ നാലു ലക്ഷം രൂപയും നല്‍കാനുണ്ടെന്നു പറഞ്ഞ് ഷിബുവിന്റെയും ശ്രുതിയുടെയും കയ്യില്‍നിന്നു മുദ്രപ്പത്രങ്ങളും ചെക്കുകളും വെള്ള പേപ്പറുകളും ഒപ്പിട്ടു വാങ്ങിയതിനു ശേഷമാണു സ്ഥലം തിരികെ റജിസ്റ്റര്‍ ചെയ്തു നല്‍കിയത്.
പണം നല്‍കണ്ട ദിവസമായ ഇന്നലെ ഷിബുവിന്റെ ചൊവ്വല്ലൂര്‍പ്പടിയിലെ വാടക ഫ്ളാറ്റില്‍ പ്രതികളായ ഷബ്നയും നൗഷാദും പണമാവശ്യപ്പെട്ട് എത്തി.എന്നാല്‍ പണം ഇല്ലെന്നും ഈ മാസം 28നു നല്‍കാമെന്നും പറഞ്ഞതോടെ ഇവര്‍ ശ്രുതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷയില്‍ കയറ്റി അലിയുടെ ആളൂരിലെ വീട്ടില്‍ കൊണ്ടു പോയി തടങ്കലിലാക്കുകയായിരുന്നു.
പിന്നീട് ഷിബുവിനെ ഫോണില്‍ വിളിച്ചു ഭാര്യയെ വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഷിബു പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ,ശ്രുതിയെ മോചിപ്പിക്കുകയും ചെയതു.
നേരത്തെയും ഇവര്‍ ശ്രുതിയെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.എന്നാല്‍ അന്ന് പരാതി നല്‍കിയിരുന്നില്ല.
Discussion about this post