തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനം മുഴുവനും സർവ്വീസ് നടത്താം. ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തി. ഓട്ടോ തൊഴിലാളികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവും പുറപ്പെടുവിച്ചു.
നേരത്തെ ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോ മീറ്റർ മാത്രം യാത്ര ചെയ്യുന്നതിന് ആയിരുന്നു ഓട്ടോകൾക്ക് പെർമിറ്റ് നൽകിയിരുന്നത്. അപകട സാദ്ധ്യത പരിഗണിച്ചുകൊണ്ടായിരുന്നു സർക്കാർ ഈ നിലപാട് തുടർന്നിരുന്നത്. എന്നാൽ ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്നും അതിനാൽ പെർമിറ്റിന്റെ നിയന്ത്രണം എടുത്തുകളയണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുകയായിരുന്നു. ഇടത് സംഘടനയായ സിഐടിയുവും ഇതേ ആവശ്യം സർക്കാരിനോട് പലതവണകളായി ഉന്നയിച്ചിരുന്നു.
ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ വാഹനം അല്ല ഓട്ടോറിക്ഷ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. റോഡുകളിൽ ഓട്ടോറിക്ഷയ്ക്കായി അനുവദിച്ചിരിക്കുന്ന പരമാവധി ദൂരം 50 കിലോമീറ്റർ ആണ്. സീറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ലാത്ത വാഹനം ആണ്. അതിനാൽ അപകട സാദ്ധ്യത കൂടുതൽ ആണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് ആയിരന്നു ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനം എടുത്തത്.










Discussion about this post