എറണാകുളം: മാലിന്യം നീക്കം ചെയ്യുന്നതിൽ ഹരിത കർമ്മ സേന വീഴ്ചവരുത്തിയതിനെ തുടർച്ച് പഞ്ചായത്ത് ഓഫീസിൽ മാലിന്യം കൊണ്ടിട്ട് പ്രതിഷേധിച്ച് യുവാവ്. വെങ്ങോല സ്വദേശി അനൂപാണ് വെങ്ങോല പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം കൊണ്ടിട്ടത്. സംഭവത്തിൽ അനൂപിനെതിരെ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി.
ഉച്ചയോടെയായിരുന്നു സംഭവം. ദുർഗന്ധം വമിക്കുന്ന മാലിന്യം നിറച്ച ചാക്കുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ അനൂപ് ഇത് ജീവനക്കാർ ജോലി ചെയ്യുന്ന ക്യാബിനിൽ കൊണ്ടിടുകയായിരുന്നു. ഇതിൽ നിങ്ങൾക്ക് പോലീസിൽ പരാതി നൽകാമെന്നും , മാലിന്യ നീക്കം കാര്യക്ഷമമായില്ലെങ്കിൽ മാലിന്യം വീട്ടിൽ കൊണ്ട് ഇടുമെന്നും താക്കീത് നൽകിയ ശേഷം ആയിരുന്നു അനൂപ് പഞ്ചായത്ത് ഓഫീസിൽ നിന്നും മടങ്ങിയത്.
അതേസമയം അനൂപ് കൊണ്ടിട്ടത് പഞ്ചായത്തിലെ മാലിന്യം അല്ലെന്ന് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ പ്രതികരിച്ചു. ഹരിത കർമ്മ സേന കൊണ്ടു പോകുന്നതിനിടെ വീണ ചാക്കാണ് ഇത്. പാലാ കൊളപ്പുള്ളി പഞ്ചായത്തിൽ നിന്നുമുള്ള മാലിന്യം ആണ് ഇത്. മാലിന്യം കൊണ്ടിട്ട് ക്യാബിൻ വൃത്തികേടാക്കിയതിനാൽ ജീവനക്കാർക്ക് ഇന്ന് എത്താൻ കഴിഞ്ഞില്ല. അനൂപിന്റെ പ്രതിഷേധം ശരിയായ രീതിയിൽ ഉള്ളതല്ലെന്നും ഷിഹാബ് വ്യക്തമാക്കി.
Discussion about this post