ന്യൂയോർക്ക്: അമേരിക്കയിൽ ആകാശത്ത് കറുത്ത വളയം കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കി. വെർജിനിയലിലെ വില്യംസ്ബർഗിലാണ് ആകാശത്ത് വളയം പ്രതൃക്ഷമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പുക കൊണ്ടുള്ള വളയം പോലെയാണ് ആകാശത്ത് പ്രത്യക്ഷമായത്. ഏകദേശം 10 മിനിറ്റോളം ഇത് ദൃശ്യമായിരുന്നു. ഇതിന് ശേഷം മാഞ്ഞ് പോയതായും ദൃക്‌സാക്ഷികൾ പറയുന്നു. കിലോ മീറ്ററുകളോളം ആകാശത്ത് വളയം ദൃശ്യമായി.
ഇക്കഴിഞ്ഞ ജൂണിൽ വെനസ്വലേയിലും ആകാശത്ത് സമാന രീതിയിൽ വളയം പ്രതൃക്ഷപ്പെട്ടിരുന്നു. നട്ടുച്ച നേരത്തായിരുന്നു ഇത് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നതിനിടെ തൊട്ടടുത്ത മാസം ടെക്‌സസിലും സമാനമായ രീതിയിൽ വളയം പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം എന്തുകൊണ്ടാണ് ആകാശത്ത് ഇത്തരത്തിൽ വളയം ദൃശ്യമാകുന്നത് എന്നകാര്യം വ്യക്തമല്ല. വെടിക്കെട്ടുകളെ തുടർന്ന് രൂപപ്പെടുന്ന പുക മേഘപടലവുമായി ചേർന്നാണ് വളത്തിന്റെ രൂപത്തിൽ ആകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിശക്തമായ തീപിടിത്തങ്ങളെ തുടർന്ന് ഇത്തരം വളയങ്ങൾ രൂപപ്പെടാമെന്ന് ഗവേഷകരും പറയുന്നു. എന്തിരുന്നാലും എന്താണ് ഈ പ്രതിഭാസത്തിന് പിന്നിൽ എന്ന് വിശദമായി പരിശോധിക്കുകയാണ് ഗവേഷകർ.
അതേസമയം വളയം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ലോകം അവസാനിക്കാൻ പോകുന്നുവെന്നാണ് ആളുകൾ പറഞ്ഞുപരത്തുന്നത്.
Discussion about this post