എറണാകുളം : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം എന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി .
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് നടി രഞ്ജിനി കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. രഞ്ജിനിയുടെ ആവശ്യം ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാദ്ധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്. ഇതിന് ശേഷമായിരിക്കും റിപ്പോർട്ട് പുറത്ത് വിടുക.
നിർമാതാവ് സജിമോൻ പാറയിലിൻറെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19 -ാം തിയതി വരെ സർക്കാരിന് സമയമുണ്ട്. യഥാർത്ഥത്തിൽ 295 പേജുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ട് ആയിരിക്കും പുറത്ത് വിടുക എന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കാനാണ് ഈ 62 പേജുകൾ ഒഴിവാക്കിയിരിക്കുന്നത് എന്നും വിശദീകരണം ഉണ്ടായിരുന്നു.
സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 -ാം പേജിലെ ചില വിവരങ്ങളും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ലെന്നാണ് വിവരം.
Discussion about this post